Latest Updates

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ ജനങ്ങൾക്കൊപ്പം എല്ലാ രാഷ്ട്രീയ കക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിന് സ്ഥിരപരിഹാരമാണ് ആവശ്യമെന്നു പഞ്ചായത്ത് അറിയിച്ചു. ഇന്നലെ രാത്രിയിലാണ് വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാനായി ഒരു കുടുംബം കാട്ടിനകത്തേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. ഒരാഴ്ച മുന്‍പ് സതീഷ്, ഭാര്യ രമ, രമയുടെ സഹോദരി അംബിക, ഭര്‍ത്താവ് രവി എന്നിവര്‍ വനത്തില്‍ വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിച്ചിരുന്നു. കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് അക്രമം നടത്തിയതായാണ് വിവരം. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയതായും പൊലീസ് അറിയിച്ചു. പുഴയില്‍ ചാടി രക്ഷപ്പെട്ട രമയും രവിയും സുരക്ഷിതരായി തിരിച്ചെത്തി. മദപ്പാടുള്ള ‘മഞ്ഞക്കൊമ്പന്‍’ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.  ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വനവകുപ്പ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.

Get Newsletter

Advertisement

PREVIOUS Choice